
സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു; ആറ് വർഷത്തിന് ശേഷം
മലബാറിലെ പ്രവാസികൾക്ക് ആശ്വാസം പകർന്ന് സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു. ഡിസംബർ നാല് മുതലാണ് സർവിസ് പുനരാരംഭിക്കുക. ആഴ്ചയിൽ മൂന്ന് സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട് സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട് 4.30ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 12.25ന് കരിപ്പൂരിലെത്തും. തിങ്കളാഴ്ച പുലർച്ചെ ഒന്നിന് പുറപ്പെട്ട് രാവിലെ ഒമ്പതിന് തിരികെയെത്തും. കരിപ്പൂരിൽ നിന്ന് ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ജിദ്ദയിലേക്ക് സർവിസ് നടക്കുന്നത്.ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടമായതിനാൽ കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവിസ് ഉംറ തീർഥാടകർക്കും ഏറെ പ്രയോജനപ്പെടും. 2020 ആഗസ്റ്റ് ഏഴിന് നടന്ന കരിപ്പൂർ വിമാന ദുരന്തത്തിന് ശേഷമാണ് സൗദി എയർലൈൻസ് സർവിസ് നിർത്തിവെച്ചത്. അന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തിൽ പൈലറ്റുമാർ അടക്കം 21 പേരാണ് മരിച്ചത്. കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേ സംബന്ധിച്ച ആശങ്ക മൂലം വിവിധ കമ്പനികൾ സർവിസ് നിർത്തിയിരുന്നു. ഗൾഫിലെ പ്രവാസികൾക്ക് അടക്കം ഏറെ പ്രയാസമാണ് ഇതുമൂലമുണ്ടായത്. ആറ് വർഷത്തിന് ശേഷം സൗദി എയർലൈൻസ് സർവിസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നതിനൊപ്പം കൂടുതൽ കമ്പനികളെ കരിപ്പൂരിലേക്ക് ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.അതിനിടെ റിയാദ്- കൊച്ചി നേരിട്ടുള്ള സർവിസ് സൗദി അറേബ്യയുടെ ഫ്ലൈ നാസ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ രണ്ട് മുതലാണ് സർവിസ് ആരംഭിക്കുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ് ഉണ്ടാകുക. എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്കുള്ള സർവിസ് ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ഒരു വർഷത്തോളം മുമ്പാണ് നേരിട്ടുള്ള സർവിസ് നിർത്തിവെച്ചത്.
© Copyright - MTV News Kerala 2021





View Comments (0)