
വേളം പള്ളിയത്ത് ശീട്ടുകളി കേന്ദ്രത്തിൽ പൊലീസ് ചമഞ്ഞെത്തി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മീത്തലെ പറമ്പത്ത് അജിത്തിന്റെ വീട്ടിൽ നടന്ന തട്ടിപ്പറി കേസിൽ വടയം മാരാംവീട്ടിൽ എം.വി.നിജേഷ്,ഉണ്ണികുളം പൂനൂർ പൂവച്ചാംകണ്ടി മുഹമ്മദ് മുഖമ്മിൽ തങ്ങൾ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ നിജേഷിനെ കുറ്റ്യാടിയിൽ നിന്നും മുഖമ്മിലിനെ മുക്കം മണാശ്ശേരിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞമാസം 26ന് പണം വെച്ച് ശീട്ട് കളിക്കുന്ന സംഘത്തിനടുത്തേക്ക് പൊലീസ് സ്പെഷൽ ടീമാണെന്ന് പറഞ്ഞ് ആറംഗ സംഘമെത്തി പണം എടുത്തുപോവുകായിരുന്നു. പോലീസ് വയർലെസ് പോലെ തോന്നിക്കുന്ന വാക്കി ടോക്കിയും സംഘത്തിന്റെ പക്കലുണ്ടായിരുന്നു. അടുത്ത ദിവസം ചീട്ടുകളി സംഘം കുറ്റ്യാടി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പൊലീസ് എത്തിയിട്ടില്ലെന്ന് അറിയുന്നത്.വേളം സ്വദേശി പള്ളിയത്ത് രജീഷ്, എടച്ചേരി സ്വദേശി മധു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണുള്ളത്.കുറ്റ്യാടി എസ്.ഐ കിരണിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിനു പിന്നിൽ സ്വർണ്ണം പൊട്ടിക്കൽ കൊട്ടേഷൻ സംഘം ഉൾപ്പെടെയുണ്ടെന്ന് അറിഞ്ഞു.നിജേഷിന്റെ പേരിൽ കർണാടകയിലും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. മുഖമ്മിൽ തങ്ങൾ പൊലീസ് വേഷത്തിലാണ് സ്ഥലത്തെത്തിയത്. സംഭവത്തിനു ശേഷം ഇയാളും പെൺസുഹൃത്തും ഗോവയിൽ വിനോദ സഞ്ചാരം നടത്തിയതായും അന്വേഷണ സംഘം പറഞ്ഞു. തട്ടിപ്പു സംഘത്തിൽ ഒരാൾ കുറ്റ്യാടിയിലെ എസ്.ഐമാരിൽ ഒരാളായ സുബിനായി അഭിയച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)