
എലത്തൂരിൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവം; രണ്ട് പ്രതികൾ പിടിയിൽ
എലത്തൂരിൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പ്രതികളെ എലത്തൂർ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള എലത്തൂർ ചെട്ടികുളം ഇരിക്കാലിപറമ്പ് പ്രണവം വീട്ടിൽ പ്രവീൺ എന്ന കാട്ട പ്രവീൺ (26), കൂട്ടാളി തെക്കേക്കുന്നത്ത് വീട്ടിൽ മുഹമ്മദ് നിയാസ് (26) എന്നിവരാണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. എലത്തൂർ സ്വദേശി മുഹമ്മദ് മർഷൂക്കും സഹോദരനും കാറിൽ പാവങ്ങാട് ഭാഗത്തുനിന്ന് പൂളാടിക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ച നടന്നത്. പാവങ്ങാട് യു.പി. സ്കൂളിന് സമീപം പ്രതികളും സുഹൃത്തുക്കളും മറ്റൊരു കാറിലെത്തി മർഷൂക്ക് സഞ്ചരിച്ച കാറിൽ പിന്നിൽ ഇടിച്ച് നിർത്തുകയായിരുന്നു.തുടർന്ന് പുറത്തേക്കിറങ്ങിയ മർഷൂക്കിന്റെ സഹോദരന്റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപയും 33,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ കവർന്ന് കടന്നുകളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചെട്ടികുളം ജെട്ടി റോഡിന് സമീപത്തുവെച്ചാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.പ്രവീണിനെതിരെ എലത്തൂർ, നടക്കാവ്, വെള്ളയിൽ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ആക്രമണം, ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറൽ, വാഹനങ്ങൾ തകർക്കൽ, മയക്കുമരുന്ന് ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.കോഴിക്കോട്ടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നിരവധി ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് പ്രവീൺ നേതൃത്വം നൽകിയിട്ടുണ്ടെന്നും ബീച്ച് മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. തമിഴ്നാട്ടിലെ മധുര ജില്ലയിലെ സെല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.എലത്തൂർ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. ഹരീഷ് കുമാർ വി.ടി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, നിജിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, സജിനേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
© Copyright - MTV News Kerala 2021





View Comments (0)