
കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയിൽ അലംഭാവം ഉണ്ടാകരുത്: മനുഷ്യാവകാശ കമ്മിഷൻ
നഗരത്തിലെ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിൽ ഉള്ളതുമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളിൽ അലംഭാവം ഉണ്ടാകരുതെന്നും അതീവ ജാഗ്രതയോടെയും സമയബന്ധിതമായും തുടർനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. വലിയങ്ങാടിയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.ജില്ലയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ജില്ലാ കലക്ടർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കെട്ടിടങ്ങളുടെ പൂർണമായ പട്ടികയും അറ്റകുറ്റപ്പണികൾ സംബന്ധിച്ച ആക്ഷൻ പ്ലാനും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
സാങ്കേതിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഇഎംഎസ് സ്റ്റേഡിയം, ഇന്ദിര ബിൽഡിങ്, പാളയം ബസ് സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, അംബേദ്കർ ബിൽഡിങ്, ജയന്തി ബിൽഡിങ്, മാങ്കാവ് ഫിഷ് മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, ന്യൂ ബസാർ, ചെറൂട്ടി റോഡ്, ബേപ്പൂർ ബസ് സ്റ്റാൻഡ്, പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം ഉൾപ്പെടെയുള്ള പ്രധാന കോർപറേഷൻ കെട്ടിടങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.ചില കെട്ടിടങ്ങളിൽ പിളർപ്പും ചോർച്ചയും ചിലതിൽ ഘടനാപരമായ ബലഹീനതകളും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും പ്രത്യേക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ള കെട്ടിടങ്ങളെ മുൻഗണനാ ക്രമത്തിൽ തിരിച്ച് നടപടിയെടുക്കാൻ കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താൽക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കോർപറേഷൻ ഇതിനകം സ്വീകരിച്ച നടപടികളിൽ കമ്മിഷൻ തൃപ്തി രേഖപ്പെടുത്തി.
© Copyright - MTV News Kerala 2021





View Comments (0)