തിരുവമ്പാടിയെ ആവേശക്കടലാക്കി ‘തില്ലം തില്ലം 360’; വർണ്ണാഭമായ ഘോഷയാത്രയോടെ വ്യാപാരോത്സവത്തിന് സമാപനം

MTV News 0
Share:

 

മലയോര മേഖലയ്ക്ക് പുതിയൊരുത്സവക്കാഴ്ചയൊരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന് വമ്പിച്ച ജനപങ്കാളിത്തത്തോടെ സമാപനമായി. നാടിനെ മുഴുവൻ ആവേശത്തിലാഴ്ത്തിയ കൂറ്റൻ സമാപന ഘോഷയാത്രയോടെയാണ് ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണത്.പുലിക്കളിയും തിടമ്പേറ്റിയ നാടൻ ആനകളുടെ രൂപവും വിവിധ വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്രയിൽ മുപ്പതോളം മനോഹരമായ ഫ്ലോട്ടുകളാണ് കാഴ്ച്ചക്കാരുടെ മനംകവർന്നത്. മലയോര മേഖലയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ വന്യജീവി ശല്യം, പ്രത്യേകിച്ച് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളും കർഷകരെ ദ്രോഹിക്കുന്ന കാട്ടുപന്നികളും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രമേയമാക്കിയ പ്ലോട്ടുകൾ ഏറെ ശ്രദ്ധേയമായി.നാല് ചുമരുകൾക്കുള്ളിൽ രാപ്പകലില്ലാതെ അധ്വാനിക്കുന്ന വ്യാപാരികളുടെയും അവരുടെ ഉപഭോക്താക്കളുടെയും മാനസിക ഉല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് തുടർച്ചയായ നാലാം വർഷവും ഈ വ്യാപാരോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. തിരുവമ്പാടിയെ നാല് മേഖലകളാക്കി തിരിച്ച്, നാല് ഗ്രൂപ്പുകൾ തമ്മിലുള്ള വാശിയേറിയ മത്സര സ്വഭാവത്തിലാണ് പരിപാടികൾ ഒരുക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പുകൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.ഓരോ വർഷം കഴിയുന്തോറും ജനപങ്കാളിത്തം വർദ്ധിച്ചുവരികയാണെന്നും വരുംവർഷങ്ങളിൽ ഇതിലും ഗംഭീരമായി പരിപാടി സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജി.ജി.കെ. തോമസ് പറഞ്ഞു. ഏതാണ്ട് 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ വർഷത്തെ ‘തില്ലം തില്ലം 360’ വിജയകരമായി പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.