പിഎസ്‌സി ജോലി സ്വപ്നം കണ്ട ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി തസ്‌തികമാറ്റം

MTV News 0
Share:

കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കിയാണ് കൂടുതൽ പേർക്ക് സമാന രീതിയിൽ തസ്തികമാറ്റം നൽകിയിരിക്കുന്നത്.സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. മുൻപും സമാനമായ രീതിയിൽ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പാക്കിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഈ ജീവനക്കാരെ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി പുനർനിയമിച്ചു. എന്നാൽ, സർക്കാരിന്റെ ഈ നടപടി കാരണം ഏറ്റവുമധികം ദുരിതത്തിലായത് പിഎസ്‌സി വഴി പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളാണ്. തരംതാഴ്ത്തപ്പെട്ട ജീവനക്കാരെ പഴയ തസ്തികകളിൽ തിരിച്ചെടുത്തതോടെ, ആ തസ്തികകളിൽ പിഎസ്‌സി വഴി പുതുതായി നിയമനം ലഭിച്ച തുടക്കക്കാരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിലെ ചട്ടലംഘനവും അനാസ്ഥയും കാരണം അർഹതപ്പെട്ട ജോലി നഷ്ടമായി തെരുവിലാക്കപ്പെട്ടിരിക്കുകയാണ് ഈ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ.