
68-ാമത് സംസ്ഥാന സ്കൂൾ കായിക മേള:ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു
68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപ്പുരയുടെ പാലുകാച്ചൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. എൻ ഐ ടി മൈതാനത്ത് സജ്ജമാക്കിയ ഭക്ഷണപ്പുരയിൽ വൈകീട്ട് നടന്ന ചടങ്ങിൽ ഭക്ഷണ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ അഡ്വ കെ പ്രവീൺ കുമാർ എം എൽ എ അധ്യക്ഷനായി. പാറക്കൽ അബ്ദുള്ള എം എൽ എ മുഖ്യാതിഥിയായി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ, വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ സി എ സന്തോഷ്, ഡിഡി സി എസ് അമൃത, ഭക്ഷണ കമ്മിറ്റി കൺവീനർ പി കെ അരവിന്ദൻ, പഴയിടം മോഹനൻ നമ്പൂതിരി, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. 16000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 2000 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് എൻഐടി മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. കൊടിയത്തൂരിലാണ് രണ്ടാമത്തെ ഭക്ഷണപ്പുര. രണ്ട് പാചകപ്പുരകളിലായി പാകം ചെയ്ത നോൺ വെജ് ഉൾപ്പെടെയുള്ള ഭക്ഷണം മറ്റ് വേദികളിലായി എത്തിച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കായിക മേളയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും വളണ്ടിയർമാർക്കും ശുചിത്വവും പോഷകസമൃദ്ധവുമായ ഭക്ഷണം കൃത്യസമയത്ത് ലഭ്യമാക്കാനുള്ള വൻ സജ്ജീകരണങ്ങളാണ് ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിരിക്കുന്നത്. പാലുകാച്ചൽ ചടങ്ങ് പൂർത്തിയായതോടെ മേളയുടെ ഭക്ഷണവിതരണത്തിനായുള്ള അടുക്കള പൂർണ്ണമായും സജ്ജമായി.
© Copyright - MTV News Kerala 2021




View Comments (0)