ഇറക്കുമതി മരുന്നുകൾക്ക് ഇനി ഒരു വർഷത്തെ കാലാവധി നിർബന്ധം; പുതിയ നിബന്ധനയുമായി കേന്ദ്രം

MTV News 0
Share:

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവധി തീരാറായ മരുന്നുകളുടെ ഇറക്കുമതി തടയുന്നതിനും മരുന്നുകൾ പാഴാകുന്നത് കുറയ്ക്കുന്നതിനുമാണ് നടപടി.1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ 31-ാം ചട്ടം ഭേദഗതി ചെയ്താണ് പുതിയ വ്യവസ്ഥ നടപ്പാക്കിയത്. ഡ്രഗ്സ് പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ, 2026 സംബന്ധിച്ച വിജ്ഞാപനം ഒക്ടോബർ 28ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിബന്ധന പ്രാബല്യത്തിൽ വന്നു.പുതിയ വ്യവസ്ഥ പ്രകാരം ഇറക്കുമതി ചെയ്യുന്ന സമയത്ത് സാധാരണ മരുന്നുകൾക്ക് കുറഞ്ഞത് 12 മാസത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണം. ഇതിൽ കുറവ് കാലാവധിയുള്ള മരുന്നുകൾക്ക് ലൈസൻസിങ് അതോറിറ്റി ഇറക്കുമതി അനുമതി നൽകില്ല.അതേസമയം, ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും പ്രത്യേക ഇളവുണ്ട്. ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനം ശേഷിക്കുന്നുണ്ടെങ്കിൽ ഇവ ഇറക്കുമതി ചെയ്യാം.നേരത്തേ എല്ലാ വിഭാഗം മരുന്നുകൾക്കും ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനത്തിലധികം ശേഷിക്കണമെന്ന വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് പരിഷ്കരിച്ചാണ് സാധാരണ മരുന്നുകൾക്ക് ഒരു വർഷത്തെ കുറഞ്ഞ കാലാവധി നിർബന്ധമാക്കിയത്.ജൂൺ 22ന് ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ച് പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട മേഖലകളിൽനിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ രാജ്യത്തിനകത്ത് വിതരണം ചെയ്യാനും ഉപയോഗിക്കാനും മതിയായ സമയം ഉറപ്പാക്കുക, കാലാവധി അടുത്ത മരുന്നുകൾ സംഭരണത്തിൽ കെട്ടിക്കിടന്ന് പാഴാകുന്നത് ഒഴിവാക്കുക എന്നിവയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം. മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.