
ചെറുവണ്ണൂർ മേൽപാലം ഗർഡർ സ്ഥാപിക്കൽ; തിങ്കളാഴ്ച മുതൽ പഴയ ദേശീയപാതയിൽ ഗതാഗത നിരോധനം
ചെറുവണ്ണൂർ മേൽപാലത്തിൽ രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജങ്ഷൻ വരെയുള്ള ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 10 മുതൽ വ്യാഴാഴ്ച രാത്രി 12 വരെ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ഗതാഗത നിരോധനം നിലവിൽ വരുന്ന മുറക്ക് വാഹനങ്ങൾക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ചരക്ക് വാഹനങ്ങൾ, കണ്ടെയ്നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം -രാമനാട്ടുകര ദേശീയപാത 66വഴി പോകണം. മലപ്പുറം, കൊണ്ടോട്ടി, തൃശൂർ, യൂനിവേഴ്സിറ്റി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജങ്ഷനിലെത്തി പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം.കോഴിക്കോട് നിന്ന് മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാത 66 വഴി യാത്ര ചെയ്യണം. ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴിയും പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്ന് ഫറോക്കിലേക്ക് വരുന്ന വാഹനങ്ങൾ മാങ്കാവ്– മാത്തറ – പന്തീരാങ്കാവ് വഴിയും തിരിഞ്ഞു പോകണം. പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് പ്രവേശിക്കണം.രുവനന്തപുരം, എറണാകുളം, കാസർഗോഡ് റൂട്ടുകളിൽ ദീർഘദൂര സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ദേശീയപാത 66 വഴി മാത്രം സർവിസ് നടത്തണം. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം എയർപോർട്ട് റോഡ് ജങ്ഷൻ–പന്തീരാങ്കാവ്–മാത്തറ -മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം.നഗരത്തിൽ നിന്ന് തിരികെ പോകുന്ന ബസുകൾ മീഞ്ചന്ത–അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ്–രാമനാട്ടുകര സ്റ്റാൻഡ് വഴി പോകണം. കടലുണ്ടി,ചാലിയം,കരുവൻതുരുത്തി, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെയിൻ സർവിസായി കോയാസ് ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കുകയും അവിടെ നിന്ന് ആരംഭിക്കുകയും വേണം.നഗരത്തിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജങ്ഷന് സമീപം സർവിസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും വേണം.ബേപ്പൂർ–ബി.സി റോഡ് ജങ്ഷൻ വഴി ഫറോക്കിലേക്ക് വരുന്ന ബസുകൾ ചെറുവണ്ണൂർ–കൊളത്തറ റോഡിൽ സർവിസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും വേണം.പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ പൊലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും ജില്ല കലക്ടറുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)