
പ്രായത്തെ തോൽപ്പിച്ച കുതിപ്പ്; ഏഷ്യൻ മാസ്റ്റേഴ്സ് നീന്തലിൽ വെള്ളിത്തിളക്കവുമായി സ്നേഹപ്രഭ
പ്രായം വെറുമൊരു അക്കമായി മാറിയപ്പോൾ നീന്തലിൽ രാജ്യത്തിനായി മെഡൽ നേടി വെള്ളനൂർ സ്വദേശിനി. രണ്ടാമത് ഏഷ്യൻ മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിത്തിളക്കവുമായാണ് ചാത്തമംഗലം വെള്ളനൂർ സ്വദേശിനി 62കാരിയായ സ്നേഹപ്രഭയുടെ അഭിമാന നേട്ടം. 60-64 വയസ് കാറ്റഗറിയിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ 12.48 സെക്കൻഡിൽ നീന്തിക്കയറിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മറ്റ് ഇനങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും ഈ വർഷം വാഹനാപകടങ്ങളിലും മറ്റും പരിക്കുകൾ പറ്റിയതിനാൽ കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കാതെ പോയി. പരിക്കിന്റെ വേദനയിലും മത്സരിക്കണമെന്നുള്ള ദൃഢപ്രതിജ്ഞ കൊണ്ടാണ് ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് വലിയ തയാറെടുപ്പുമായി കോച്ചുമാർ ഉൾപ്പെടെയാണ് മത്സരാർഥികൾ വരുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണ സ്നേഹപ്രഭ മെഡലുകൾ നേടിയിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. വലിയ നേട്ടങ്ങൾ കൊയ്യുമ്പോഴും ഭരണകർത്താക്കൾ വേണ്ടത്ര അംഗീകാരം നൽകുന്നില്ലെന്ന പരാതിയുണ്ട്.വെറുമൊരു നീന്തൽ താരം എന്നതിനപ്പുറം വനംവകുപ്പിന്റെ അംഗീകൃത സ്നേക് റെസ്ക്യൂ ടീം അംഗവും ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളന്റിയറുമാണ് സ്നേഹപ്രഭ. കൂടാതെ സ്വിമ്മിങ് അക്കാദമിയും നടത്തുന്നുണ്ട്. എൻ.ഐ.ടിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടത്തിയ വല്ലം മെടയൽ മത്സരത്തിൽ സമ്മാനം നേടിയ സ്നേഹപ്രഭ കായിക മേളയിൽ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളന്റിയർ ആയും സേവനമനുഷ്ഠിച്ചു. സേവന, ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. മകൾ പ്രവിതയാണ് അമ്മക്ക് പ്രചോദനമായി യാത്രക്കും മറ്റുമുള്ള എല്ലാ സഹായങ്ങളും ഒരുക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)