
ഹൈസ്കൂൾ വിഭാഗം സയൻസ് നിശ്ചല മാതൃക മത്സരത്തിൽ ആവണക്കെണ്ണയിൽ നിന്നും ജൈവ പ്ലാസ്റ്റിക് നിർമിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് കുറ്റിക്കാട്ടൂർ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവ്, പത്താം ക്ലാസ് വിദ്യാർഥി ഋതിൻ കൃഷ്ണ എന്നിവർ ചേർന്നാണ് ഈ നിശ്ചല മാതൃക തയാറാക്കിയത്. പരിസ്ഥിതിക്ക് വൻ ഭീഷണിയാകുന്ന പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകൾക്ക് പകരമായി പൂർണമായും മണ്ണിൽ അലിഞ്ഞുചേരുന്ന ജൈവ പ്ലാസ്റ്റിക് പെല്ലറ്റുകൾ നിർമിക്കുന്ന പ്രക്രിയയാണ് വിദ്യാർഥികൾ പ്രദർശിപ്പിച്ചത്. ആവണക്കെണ്ണയെ ജലവിശ്ലേഷണത്തിന് വിധേയമാക്കി റിസിനോലെയിക് ആസിഡും ഗ്ലിസറോളും വേർതിരിച്ചെടുത്ത്, പോളിമറൈസേഷൻ ടാങ്ക് വഴി പ്ലാസ്റ്റിക് എക്സ്ട്രൂട്ടറിലൂടെ കടത്തിയാണ് ബയോപ്ലാസ്റ്റിക് നിർമിക്കുന്നത്. ആറു മുതൽ 12 മാസത്തിനുള്ളിൽ പൂർണമായി വിഘടിച്ച് മണ്ണിൽ ചേരുന്നതും വിഷാംശമില്ലാത്തതുമാണ് പ്ലാസ്റ്റിക്. കാരി ബാഗുകൾ, സൗന്ദര്യവർധക വസ്തുക്കളുടെ പാത്രങ്ങൾ, മെഡിക്കൽ സിറിഞ്ചുകൾ, ഭക്ഷണാവശിഷ്ടങ്ങൾ പൊതിയുന്ന ഫിലിമുകൾ, ചെടിത്തൈകൾ വളർത്തുന്ന ബയോ പോട്ടുകൾ എന്നിവ ഉണ്ടാക്കാൻ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു.
© Copyright - MTV News Kerala 2021





View Comments (0)