തുലാവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

MTV News 0
Share:

തുലാവർഷം ശക്തമായതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം. വെള്ളിയാഴ്ചയും ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള ഇടങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.