
ഇടവിട്ടുള്ള മഴയിൽ ഡെങ്കിപ്പനി ഭീഷണി; കോഴിക്കോട് ഈ മാസം ഇതുവരെ 136 കേസുകൾ സ്ഥിരീകരിച്ചു
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം 24 വരെ 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 385 പേർ ചികിത്സ തേടിയിട്ടുണ്ട്. നവംബർ 24-ന് മാത്രം 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 5 പേരും ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. അന്നേ ദിവസം 31 പേർക്കാണ് രോഗബാധ സംശയിക്കുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇടവിട്ടുള്ള മഴയുടെ പശ്ചാത്തലത്തിൽ ഏവരും അതീവ ജാഗ്രത പാലിക്കണം. വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള മറ്റ് പാത്രങ്ങൾ എന്നിവയിൽ ശുദ്ധജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സ്ഥലങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണമെന്ന് ഡി.എം.ഒ ഡോ. വി.പി. രാജേഷ് നിർദ്ദേശിച്ചു.പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. പകൽ സമയത്ത് കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാർഗ്ഗങ്ങളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)