പുഴുവരിച്ച മുട്ടകൾ പിടിച്ച സംഭവം; സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, ആർ.ഡി.ഒ കോടതിയിൽ ഉടൻ കേസ് ഫയൽ ചെയ്യും

MTV News 0
Share:

ഭക്ഷ്യയോഗ്യമല്ലാത്ത കോഴിമുട്ടകൾ പിടിച്ചെടുത്ത മാവൂരിലെ രണ്ട് മൊത്തവിതരണകേന്ദ്രങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂളിമാട് റോഡിൽ പുനത്തിൽ എഗ് ട്രേഡേഴ്സ്, പി.യു എഗ് ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഫുഡ്‌ സേഫ്റ്റി ഓഫിസറുടെ റിപ്പോർട്ടിന്മേൽ അസിസ്റ്റന്റ് കമീഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ, ഭക്ഷ്യസുരക്ഷ മാനദണ്ഡ നിയമം 2006 പ്രകാരം ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.ഭക്ഷ്യ സുരക്ഷവിഭാഗം തിങ്കളാഴ്ച ഈ രണ്ട് മുട്ട മൊത്തവിതരണകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊട്ടിയതും ചീഞ്ഞതും പുഴുവരിച്ചതുമായ 16,794 കോഴിമുട്ടകൾ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. പുനത്തിൽ എഗ് ട്രേഡേഴ്സിൽനിന്ന് 7060 മുട്ടകളും പി.യു എഗ് ട്രേഡേഴ്സിൽനിന്ന് 9734 മുട്ടകളുമാണ് പിടിച്ചെടുത്തത്. ഒരേ കെട്ടിടത്തിൽ അടുത്തടുത്ത മുറികളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇവ രണ്ടും. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റൻറ് കമീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, കുന്ദമംഗലം സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫിസർ ഡോ. എ.പി. അനു, എലത്തൂർ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫിസർ സി.എ. ബിമൽ, ഓഫിസ് അസിസ്റ്റന്റ് ബിജിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുന്ദമംഗലം സർക്കിളിലെയും സമീപ സർക്കിളിലെയും രണ്ട് ബേക്കറി പലഹാര നിർമാണ കേന്ദ്രങ്ങളിൽനിന്ന് ഈയടുത്ത് പൊട്ടിയ മുട്ടകൾ പിടിച്ചെടുത്തിരുന്നു. മാവൂരിൽ നിന്നാണ് ഈ മുട്ടകൾ എത്തിയതെന്ന വിവരമനുസരിച്ചാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. അതേസമയം, പുനത്തിൽ എഗ് ട്രേഡേഴ്സിൽ 2019 മേയ് മാസം നടത്തിയ പരിശോധനയിൽ 3410 പുഴുവരിച്ച മുട്ടകൾ പിടികൂടി നശിപ്പിച്ചിരുന്നു. 20,000 രൂപ പിഴയും ഈടാക്കിയിരുന്നു.