പൂജാ ബംബർ നറുക്കെടുപ്പ് ഇന്ന്

MTV News 0
Share:

തിരുവോണം ബംബറിന് പിന്നാലെ കേരള ഭാഗ്യക്കുറിയുടെ പൂജാ ബംബർ ടിക്കറ്റ് വിൽപ്പനയിലും റെക്കോഡ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംബറിന്റെ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും.കഴിഞ്ഞ വർഷം അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39,10,660 എണ്ണമാണ് വിറ്റുപോയത്. 2023ലും 2024ലും 45 ലക്ഷം ടിക്കറ്റുകൾ വീതം അച്ചടിച്ചിരുന്നെങ്കിലും ആറുലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ വർഷം അച്ചടി 40 ലക്ഷമായി കുറച്ചത്. എന്നാൽ ഇത്തവണ പൂജാ ബംബർ ഉൾപ്പെടെ ബംബർ ടിക്കറ്റുകൾക്കെല്ലാം മികച്ച വിൽപ്പനയാണ് ലഭിച്ചത്.12 കോടി രൂപ ഒന്നാം സമ്മാനവും 300 രൂപ ടിക്കറ്റ് വിലയുമുള്ള വിഷു ബംബറിന്റെ 45 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റുതീർന്നിരുന്നു. കഴിഞ്ഞ വർഷം 42.87 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. പിന്നാലെ പുറത്തിറങ്ങിയ മൺസൂൺ ബംബറിന്റെ വിൽപ്പനയും വർധിച്ചു. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള 250 രൂപയുടെ ടിക്കറ്റുകൾ 40 ലക്ഷം എണ്ണമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറുലക്ഷം ടിക്കറ്റുകളുടെ വർധനയാണുണ്ടായത്.ഇതിനുപിന്നാലെ പുറത്തിറങ്ങിയ തിരുവോണം ബംബറും വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചു. ആദ്യമായി 30 കോടി രൂപ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച തിരുവോണം ബംബറിന്റെ 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. 500 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുകയും കമ്മിഷനും കിഴിച്ചുള്ള 241.20 കോടി രൂപയുടെ വരുമാനം സർക്കാരിന്റെ ഖജനാവിലെത്തി.25 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് ബംബറും വിപണിയിലെത്തിയിട്ടുണ്ട്. ബംബർ ലോട്ടറികളുടെ തുടർച്ചയായ റെക്കോഡ് വിൽപ്പന കേരള ലോട്ടറി വകുപ്പിന് വലിയ നേട്ടമായിരിക്കുകയാണ്.