മുക്കത്തിന് ഇനി ചിലമ്പൊലിയുടെ നാളുകൾ; റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം

MTV News 0
Share:

കലയുടെയും സർഗാത്മകതയുടെയും മാറ്റുരയ്ക്കാൻ വിദ്യാർഥികൾ ഒത്തുചേരുന്ന കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് വർണാഭ തുടക്കം. മുക്കം ഓർഫേനേജ് സ്കൂളിൽ പ്രത്യേകം തയാറാക്കിയ മുഖ്യവേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി പി.കെ. ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗവാസനകൾ വളർത്തിയെടുക്കാൻ ഇത്തരം കലാമേളകൾ അനിവാര്യമാണെന്നും, കലയിലൂടെ മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കാൻ പുതുതലമുറക്ക് സാധിക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.മേളകളിൽ എല്ലാവർക്കും പങ്കെടുക്കുന്നതിനുള്ള അവസരമുണ്ടാകണമെന്നും ഇപ്പോൾ ഇത് രക്ഷിതാക്കളുടെ മത്സരമായി മാറിയതായും മന്ത്രി പറഞ്ഞു. സി.കെ. കാസിം എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ മുഖ്യപ്രഭാഷണം നടത്തി. മുക്കം നഗരസഭ ചെയർപേഴ്സൻ കെ.പി. ചാന്ദ്നി കലോത്സവ സന്ദേശം നൽകി. പി.കെ. ഫിറോസ് എം.എൽ.എ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ സി.പി. ചെറിയമുഹമ്മദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിതിൽ പല്ലാട്ട്, ജി. അബ്ദുൽ അക്ബർ, ജില്ല പഞ്ചായത്തംഗങ്ങളായ റീമ കുന്നുമ്മൽ, പി.ജി. മുഹമ്മദ്, മിസ് ഹബ് കീഴരിയൂർ, നഗരസഭ വൈസ് ചെയർമാൻ സി.എ. പ്രദീപ്കുമാർ, മനീഷ ഉള്ളാട്ടിൽ, താമരശ്ശേരി ഡി.ഇ.ഒ.ബി കെ. അരുൺ, പി.പി. മോനുദ്ദീൻ, സി.എ. സാജുദ്ദീൻ, ടി.കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ന് രാവിലെ ഒമ്പത് മണിയോടെ തുടക്കമാകും. വരും ദിവസങ്ങളിൽ 22 വേദികളിലായി മുന്നൂറിലേറെ ഇനങ്ങളിലായി പതിമൂവായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.