
LDF പിന്തുണയില്ല, തിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങി
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്ന് കൗണ്‍സില്‍ യോഗം ചേരും. യുഡിഎഫിന് 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്ക്കാലം പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് നിലപാടെടുത്തതോടെ അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയും മങ്ങുകയാണ്.ഭരണസ്തംഭനം ഉന്നയിച്ച് കോർപ്പറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് ആലോചന. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തി നഗരസഭയിലേക്ക് യുഡിഎഫ് ഇന്ന് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഇതിന്റെ സൂചനയാണ്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നത്. എന്നാല്‍ നയപരമായ പ്രശ്നം ഉണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് അറിയിച്ചത്.101 അംഗ കോര്‍പറേഷനില്‍ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. യുഡിഎഫിന് 20 സീറ്റും എല്‍ഡിഎഫിന് 29 സീറ്റുമാണുള്ളത്. യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. ബിജെപി കൗണ്‍സിലര്‍ ആര് സുഗതന് കാപ്പ കേസില്‍ ജയിലിലായ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോര്‍ത്താല്‍ 50 പേര് ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)