ഓപറേഷൻ തൂഫാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ട് -മന്ത്രി രമേശ് ചെന്നിത്തല

MTV News 0
Share:

ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപറേഷൻ തൂഫാനെന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ സ്വാധീനം വളർന്നെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് സംസ്ഥാന അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ പ്രചാരണാർഥം ‘ഓപറേഷൻ തൂഫാൻ’ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘യെസ് ടു സ്‌പോര്‍ട്‌സ് നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശത്തിലുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ബീച്ച് ഓപണ്‍ സ്‌റ്റേജില്‍ നല്‍കിയ സ്വീകരണവും മാരത്തോൺ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിക്കേസിൽ ആരുൾപ്പെട്ടാലും വിലങ്ങ് വീഴും. അവർക്കുവേണ്ടിയുള്ള ആരുടെ ശിപാർശയും സ്വീകരിക്കില്ല. തലമുറകളെ നശിപ്പിക്കുന്ന ലഹരി മാഫിയയെ തൂത്തെറിയുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ മലപ്പുറം പൊലീസ് സംഘത്തിനുള്ള ഉപഹാര സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു.ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ഒ സദാശിവന്‍, എം.എല്‍.എമാരായ എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. കെ പ്രവീണ്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ഐ.ജിയും ഓപറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുമായ പുട്ട വിമലാദിത്യ, ഡി.ഐ.ജി കാർത്തിക്, സിറ്റി പൊലീസ് കമീഷണര്‍ എ.പി ഷൗക്കത്തലി, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പദംസിങ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സഫറി വെള്ളയില്‍, പി.വി ചന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു.കോരപ്പുഴ പാലത്തിന് സമീപത്തുനിന്നാണ് ദീപശിഖ പ്രയാണത്തെ സ്വീകരിച്ചത്. ഗാന്ധി റോഡ് ജങ്ഷനില്‍നിന്ന് ബാന്‍ഡ് വാദ്യം, ശിങ്കാരിമേളം, മാര്‍ച്ച് പാസ്റ്റ് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ബീച്ചിലെ വേദിയിലേക്ക് ആനയിച്ചത്. എം.കെ രാഘവൻ എം.പി, വിദ്യ ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി തുടങ്ങിയവർ പങ്കാളികളായി.