മരുതോങ്കര എം.ആർ.എസ്. സ്കൂളിലെ അടിസ്ഥാന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും: മന്ത്രി കെ.എ. തുളസി

MTV News 0
Share:

മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്.) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ അറിയിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ഉടൻ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സ്കൂൾ പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും കെട്ടിടം ചോർന്നൊലിക്കുന്നതും സ്വന്തമായി കുടിവെള്ള സൗകര്യം ഇല്ലാത്തതും ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ കഴിഞ്ഞദിവസം സ്‌കൂൾ സന്ദർശിച്ച് മന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.പത്താം ക്ലാസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നേരിടുന്ന കമ്പ്യൂട്ടർ ലഭ്യതക്കുറവ് മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 119 പെൺകുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.ഹോസ്റ്റലും മെസ്സും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് മഴക്കാലത്തും രാത്രികാലങ്ങളിലും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ചെറിയ പാലം നിർമ്മിക്കുന്നതിനുള്ള ആവശ്യവും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുള്ള നിർദേശവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ എ തുളസി അറിയിച്ചു.സ്കൂളിന് ആവശ്യമായ കായിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കെ. എം. അഭിജിത്ത് എം.എൽ.എയും അറിയിച്ചു.സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ പഠനനിലവാരം, ഹോസ്റ്റൽ-മെസ് സൗകര്യങ്ങൾ എന്നിവ നേരിട്ട് വിലയിരുത്തുന്നതിനായാണ് മന്ത്രി എം.ആർ.എസ്. സന്ദർശിച്ചത്. കെ എം അഭിജിത്ത് എം എൽ എ, സ്‌കൂൾ സൂപ്രണ്ട് ഇൻ ചാർജ് സൗദ, അധ്യാപകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.