
കോഴിക്കോട് പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; പിടിച്ചെടുത്തത് 440 ലീറ്റർ ഉപയോഗിച്ച ഭക്ഷ്യ എണ്ണ
എണ്ണക്കടികളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തമായ നടപടികൾ തുടരും. ചെറുകിട ഇടത്തരം ഹോട്ടലുകളിൽ ഭൂരിപക്ഷവും റെഡിമെയ്ഡ് എണ്ണക്കടികൾ വാങ്ങി വിൽപന നടത്തുകയാണ്. ഇത്തരത്തിൽ ഹോട്ടലുകൾക്കും ചായക്കടകൾക്കും വിതരണം ചെയ്യാനായി എണ്ണക്കടികൾ വൻതോതിൽ ഉണ്ടാക്കി നൽകുന്ന ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. അവരെല്ലാം രാത്രിയാണു പാചകം നടത്തുന്നത്. രാത്രി 12നു ശേഷമാണു ജോലി ആരംഭിക്കുക.പുലർച്ചെ ആകുമ്പോഴേക്കും പാചകം പൂർത്തിയാക്കി വിതരണത്തിനു കൊണ്ടു പോകും. ഇതിനിടയിൽ, ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയോ പരിശോധന നടക്കില്ല. അതിനാൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണു പലരും പാചകം ചെയ്യുന്നതെന്ന പരാതിയുണ്ട്. ആരോഗ്യത്തിന് ഹാനികരമായ എണ്ണ ഉപയോഗിക്കുന്നെന്ന പരാതിയാണ് കൂടുതലും. ഒരിക്കൽ ചൂടാക്കി ഉപയോഗിച്ച ഭക്ഷ്യ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണു നിയമം. അതു മാരക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണർ ടി.എസ്.വിനോദ് കുമാർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഉപയോഗിച്ച 440 ലീറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള പരിശോധനകളും നിരീക്ഷണവും തുടരുമെന്നു അസിസ്റ്റന്റ് കമ്മിഷണർ ഡോ.ജോസഫ് കുര്യാക്കോസ് പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)