ഫ്രഷ് കട്ട് സ്റ്റോപ്പ് മെമ്മോ:’മാലിന്യം പുഴയിൽ ഒഴുക്കിയതായി കണ്ടെത്തിയില്ല’; ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കോടതി

MTV News 0
Share:

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മാലിന്യം പുഴയിലേക്കൊഴുകിയതായി കണ്ടെത്തിയിട്ടില്ല. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.പഞ്ചായത്തിന്റെ പരിശോധനയില്‍ മാലിന്യം പുഴയിലേക്കൊഴുക്കിയെന്ന് കണ്ടെത്തിയിട്ടില്ല. സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിന് മുമ്പ് നോട്ടീസയച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ സ്റ്റോപ്പ് മെമ്മോ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ജനകീയ സമരസമിതി. ഇന്ന് എംഎല്‍എ പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തും. കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റോപ്പ് മെമ്മോയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്‌റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.