ഷാഫി പറമ്പിൽ, മാത്യൂ കുഴല്‍നാടന്‍, കൊടിക്കുന്നില്‍ സുരേഷ്…; അധ്യക്ഷ പദവിയിലേക്ക് ഡസൻ നേതാക്കൾ പരിഗണനയിൽ

MTV News 0
Share:

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് വൈകുന്നത് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എംപിമാരേയും എംഎല്‍എമാരേയും പരിഗണിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പ്രവര്‍ത്തനപരിചയം മാത്രം മാനദണ്ഡമാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാട് നിര്‍ണ്ണായകമാകും.കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ തുടങ്ങി ഒരു ഡസനിലേറെ നേതാക്കള്‍ അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ എ കെ ആന്റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി തേടിയിരുന്നു. എന്നാല്‍ ചര്‍ച്ച മുന്നോട്ടുപോയിരുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഒരു യുവമുഖത്തെയാണ് പരിഗണിക്കുന്നതെങ്കില്‍ ഷാഫി പറമ്പിലിന് പുറമെ മാത്യൂ കുഴല്‍നാടന്റേത് ആണ് ഉയര്‍ന്നുകേള്‍ക്കുന്ന പേര്.ഒരാള്‍ക്ക് ഒരുപദവി മാനദണ്ഡമാക്കാതെ കെപിസിസി അധ്യക്ഷനെ കണ്ടെത്തണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പ്രാഥമിക ചര്‍ച്ച നടന്നുവെന്നതിനപ്പുറം അന്തിമ തീരുമാനത്തിലേക്ക് എത്തിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഒരാള്‍ക്ക് ഒരു പദവി എന്നത് പരിഗണിക്കപ്പെട്ടാല്‍ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് കൂടി സാധ്യതയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എംഎം ഹസ്സന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനിടെ അധ്യക്ഷ പദവി ആവശ്യം പരസ്യമായി ഉയര്‍ത്തി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.