മഞ്ഞ കാർഡിനുള്ള ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ

MTV News 0
Share:

അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കുന്നത് റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്യാനെന്ന് കേന്ദ്ര സർക്കാർ. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്ര വിശദീകരണം. വ്യക്തികൾക്ക് നിശ്ചിത തൂക്കം നൽകുമ്പോൾ തുല്യത ഉറപ്പാക്കാനാകുമെന്നും കേന്ദ്രം പറയുന്നു. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിൻ്റെ അരി വിഹിതത്തിൽ വലിയ കുറവുണ്ടാകും. പ്രതിവർഷം ഒരു ലക്ഷം ടൺ അരിവരെ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതുവരെ മഞ്ഞ കാർഡുടമകൾക്ക് കുടുംബത്തിലെ അംഗസംഖ്യ പരിഗണിക്കാതെ 35 കിലോ അരിയാണ് ഓരോ മാസവും നൽകിയിരുന്നത്. എന്നാൽ അംഗസംഖ്യ പരിഗണിച്ച് ഒരു അംഗത്തിന് പ്രതിമാസം ഏഴുകിലോ എന്ന അളവിൽ മാത്രം അരി വിതരണം ചെയ്യാനുള്ള ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഭേദഗതിയുടെ കരടുരേഖയിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 13 വരെയാണ്.