
മാവൂരിൽ ബംഗ്ലദേശ് പൗരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗ്ലദേശിലെ കുസ്തിയ ജില്ലയിലെ കുൽന സ്വദേശി മുഹമ്മദ് ഹസനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ കായലം അങ്ങാടിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പരിശോധനയിൽ ബംഗ്ലദേശിലെ തിരിച്ചറിയൽ രേഖകളും ബംഗ്ലദേശ് കറൻസിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഹസനും മറ്റൊരു സുഹൃത്തും കായലത്തെ വീട്ടിൽ താമസത്തിനായി എത്തിയത്. എടിഎസ് സംഘം എത്തുന്നത് കണ്ടതോടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പിടിയിലായ മുഹമ്മദ് ഹസന്റെ മറ്റൊരു സുഹൃത്ത് കൂടി ഈ വീട്ടിൽ താമസിച്ചിരുന്നതായി എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. പ്രതിയെ മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കും.അനധികൃതമായി രാജ്യത്ത് താമസിക്കുകയും വ്യാജരേഖകൾ കൈവശം വയ്ക്കുകയും ചെയ്തതിനാണ് കേസ്. മാവൂർ മേഖലയിൽ ബംഗ്ലദേശ് പൗരന്മാർ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എടിഎസ് പരിശോധന. ബംഗ്ലദേശ് പൗരൻ പിടിയിലായ സാഹചര്യത്തിൽ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വാടക വീടുകളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചു.
© Copyright - MTV News Kerala 2021





View Comments (0)