
മഴ കനക്കുന്നു: ഓറഞ്ച് അലേര്‍ട്ട് 12 ജില്ലകളില്‍, പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് തോരാതെ ദുരിതപ്പെയ്ത്ത്. മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പ്രളയ ഭീതിയിലാണ് പത്തനംതിട്ട. മൂഴിയാര്‍ ഡാം തുറന്നതോടെ പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്. അതീവ ജാഗ്രതയിലാണ് റാന്നി. മാമുക്ക് ചെട്ടിമുക്ക് ഭാഗങ്ങളില്‍ റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. ആറന്മുളയിലും വെള്ളക്കെട്ട് അതീവ രൂക്ഷമാണ്. മണിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പാനദിയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. രക്ഷാ പ്രവര്‍ത്തനത്തിന് കൊല്ലത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളും പത്തനംതിട്ടയിലെത്തിയിട്ടുണ്ട്.കോട്ടയത്തും പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഒഴുക്കിൽപ്പെട്ട ഒരാൾ മരിച്ചു. അയർക്കുന്നം സ്വദേശി ജിന്റോ മാത്യു ആണ് മരിച്ചത്. ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിനടിയിലായി. കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നൂറിലധികം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.കിഴക്കൻ മലയോരമേഖലകളിൽ നിന്നുള്ള ജലം ഒഴുകി എത്തുന്നതോടെ അപ്പർ കുട്ടനാട് മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. പമ്പയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചെങ്ങന്നൂർ പാണ്ടനാട് , തിരുവൻവണ്ടൂർ, ബുധനൂർ വില്ലേജുകൾ വെള്ളത്തിലാണ്. ക്യാമ്പുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ നിന്നും ആളുകളെ മാറ്റുകയാണ്. ലോവർ കുട്ടനാട്ടിലും വെള്ളം ഉയരുന്നു. മുട്ടാർ, മങ്കൊമ്പ്, മുട്ടാർ, രാമങ്കരി, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലയിൽ വെള്ളക്കെട്ട് ദുരിതം തുടരുന്നു. പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളിപറമ്പിൽ വീട് ഭാഗികമായി തകരുകയും ഒടുമ്പ്രയിൽ കിണർ ഇടിഞ്ഞ് താഴുകയും ചെയ്തു. ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 862 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ആറന്മുള ഗ്രാമപഞ്ചായത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജെസിബിയിലും വെള്ളത്തിലും ഉൾപ്പെടെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അതിനിടെ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം ഇറങ്ങിയ പലയിടത്തും വീണ്ടും വെള്ളം കയറി.അതേസമയം ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട് ശക്തമായ മഴ എവിടെയും പെയ്യുന്നില്ല. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ മണ്ണ് ഇടിഞ്ഞ റോഡുകളിൽ മണ്ണ് നിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവില്ല. ഇരുന്നുറോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ നാനൂറിലധികം വീടുകളിലാണ് കഴിഞ്ഞ ദിവസം ഇരച്ചെത്തിയ മലവെള്ളം നാശം വിതച്ചത്.ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിലാണ് വിലക്ക്. തീരദേശവാസികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)