
5 വർഷംകൊണ്ട് 87 കോടിയുടെ നഷ്ടം; കോഴിക്കോട് KSRTC ടെർമിനൽ വീണ്ടും ലേലം ചെയ്യാൻ ആലോചന, ‘അലിഫി’നെ ഒഴിവാക്കും
നിലവിലുള്ള കരാർ കന്പനിയായ അലിഫ് ബിൽഡേഴ്സിനെ ഒഴിവാക്കി മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ വീണ്ടും ലേലത്തിൽ നൽകാൻ ആലോചന. കെട്ടിടം പൂർണമായി കൈമാറിക്കിട്ടാത്തതിനാൽ തങ്ങളുടെ കൈവശമല്ലെന്ന് അലിഫ് ബിൽഡേഴ്സ് ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു. മൂന്നു നിലകളേ കൈമാറിയിട്ടുള്ളൂ എന്നാണ് അവർ വാദിച്ചത്. അതുകൊണ്ട് കോടതി വിധി ഇക്കാര്യത്തിൽ തങ്ങൾക്കനുകൂലമാണെന്ന് വിലയിരുത്തിയാണ് വീണ്ടും ടെൻഡർ വിളിച്ച് ലേലത്തിൽ നൽകാൻ കെ.ടി.ഡി.എഫ്.സി. ആലോചിക്കുന്നത്. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ വിദഗ്ധർ നിർദേശിച്ചതുപ്രകാരമുള്ള 6.50 കോടി മുടക്കി കെ.ടി.ഡി.എഫ്.സി.തന്നെ ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കുമെന്നാണ് നിലവിലുള്ള ധാരണ.അതുകൊണ്ട് സർക്കാർ പണം മുടക്കി ടെർമിനൽ അറ്റകുറ്റപ്പണി നടത്തി അലിഫ് ബിൽഡേഴ്സിന് നൽകേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. അടുത്തയാഴ്ച പുതിയ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗംചേർന്ന് അന്തിമതീരുമാനമെടുക്കും. നിലവിലുള്ള ഗതാഗതസെക്രട്ടറി മാറിയതിനെത്തുടർന്നാണ് അടുത്തദിവസം ചേരാനിരുന്ന യോഗം നീട്ടിയത്.മൂന്നു നിലകൾ അലിഫ് ബിൽഡേഴ്സ് ഏറ്റെടുത്ത് വാടക പിരിക്കുന്നതിനാൽ 2021 ഓഗസ്റ്റ് മുതൽ ഈ മൂന്നു നിലകളുടെ വാടക കെ.ടി.ഡി.എഫ്.സിക്കു നൽകണം. 17 കോടി തിരിച്ചുനൽകേണ്ടാത്ത നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷംരൂപ വാടകയ്ക്കുമാണ് അലിഫ് ബിൽഡേഴ്സ് കെട്ടിടം ലേലത്തിനെടുത്തത്. ഡിപ്പോസിറ്റും സ്റ്റാമ്പ് ഡ്യൂട്ടിയും അടക്കം അലിഫ് ബിൽഡേഴ്സ് 21 കോടിരൂപ മുടക്കിയിട്ടുണ്ട്. പക്ഷേ, പുനർലേലം നടത്തിയാൽ അലിഫ് ബിൽഡേഴ്സ് കോടതിയെ സമീപിക്കും. നിലവിൽ അഞ്ച് വർഷംകൊണ്ട് 87 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടായിട്ടുണ്ട്. പുനർലേലം നിയമക്കുരുക്കിൽപ്പെട്ടാൽ സർക്കാരിന് സാന്പത്തികബാധ്യത കൂടും.അലിഫ് ബിൽഡേഴ്സിന് ചതുരശ്ര അടിക്ക് മുപ്പതു രൂപയ്ക്കാണ് ടെർമിനൽ ലേലത്തിൽ നൽകിയത്. നിലവിൽ മാവൂർ റോഡിൽ ചതുരശ്രഅടിക്ക് 70 മുതൽ നൂറു രൂപ വരെയുണ്ട്. കെ.ടി.ഡി.എഫ്.സി. ബലക്ഷയം പരിഹരിച്ച ശേഷമേ പുനർലേലം നടത്തൂ. അതുകൊണ്ട് കൂടുതൽ വാടക ലഭിക്കുമെന്നാണ് പ്രതീക്ഷ. 74.79 കോടിരൂപയ്ക്കാണ് 2015-ൽ കെ.എസ്.ആർ.ടി.സി. ടെർമിനൽ പണിപൂർത്തിയാക്കിയത്. അഞ്ചുവർഷം കഴിഞ്ഞ് 2021-ലാണ് അലിഫ് ബിൽഡേഴ്സിന് ലേലത്തിനു നൽകുന്നത്. കോടികൾ മുടക്കിയിട്ടും ഇതുവരെ സർക്കാരിന് വരുമാനമൊന്നും ലഭിച്ചിട്ടില്ല. കെട്ടിടത്തിൽ ഗുരുതരമായ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടിയാണ് ആദ്യം റിപ്പോർട്ട് നൽകിയത്. 32 കോടിയുടെ അറ്റകുറ്റപ്പണിക്കാണ് ഐ.ഐ.ടി. നിർദേശിച്ചത്. പിന്നീട് മൂന്നാമത്തെ സമിതിയാണ് 6.50 കോടി നിർദേശിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)