
തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന് സംശയം; കോഴിക്കോട് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍
കാമുകിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പുതിയകടവ് പള്ളിത്താഴം സ്വദേശി സി.വി. സര്‍ഫാസിനെയാണ് (21) എലത്തൂര്‍ അക്കരയ്ക്കകത്ത് മുഹമ്മദ് സൈഫ് (22) ആക്രമിച്ചത്. ബുധനാഴ്ച രാത്രി ആറരയോടെ തോപ്പയില്‍ ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ സര്‍ഫാസിന്റെ തലയ്ക്കും ഇടതുകൈയ്ക്കും ഇടതു തോള്‍ഭാഗത്തുമാണ് പരിക്കേറ്റത്. എങ്കിലും പരിക്കുകള്‍ ആഴത്തിലുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.പ്രതിയുടെ കാമുകിയായ പെണ്‍കുട്ടി കുറച്ചുകാലമായി ഇയാളുമായി അകന്നുനില്‍ക്കുകയായിരുന്നു. ഈ അകല്‍ച്ചയാണ് സംശയം വര്‍ധിക്കാന്‍ കാരണമായത്. സര്‍ഫാസിന് പെണ്‍കുട്ടി സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും പ്രതി സംശയിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് വ്യാഴാഴ്ച എലത്തൂരില്‍ നിന്നും സര്‍ഫാസിനെ ലക്ഷ്യമാക്കി പ്രതി തോപ്പയിലെത്തിയത്. തുടര്‍ന്നുണ്ടായ വാക്തര്‍ക്കത്തിനിടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സര്‍ഫാസിനെ കുത്തുകയായിരുന്നു. ഗുരുതരമല്ലാതെ പരിക്കേറ്റ സര്‍ഫാസിനെ ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി മുഹമ്മദ് സൈഫിനെ തോപ്പയില്‍ ഭാഗത്തുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയാണ് പരിക്കേറ്റ സര്‍ഫാസ്. പ്രതിയായ മുഹമ്മദ് സൈഫ് ലഹരിക്ക് അടിമയാണെന്നും എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ മറ്റ് നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിഷ, സിവില്‍ പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ഹോംഗാര്‍ഡ് സഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
© Copyright - MTV News Kerala 2021





View Comments (0)