പതിനഞ്ചാം പഞ്ചവത്സര പദ്ധതി: കോഴിക്കോട്– മലബാർ വികസനത്തിന് നൂതന ആശയങ്ങൾ

MTV News 0
Share:

 

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027–32) ഭാഗമായി കോഴിക്കോട് ജില്ലയുടെയും മലബാർ മേഖലയുടെയും സമഗ്ര വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആശയരൂപീകരണ യോഗം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ, സാംസ്കാരിക പ്രവർത്തകർ, വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ ടൂറിസം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, സംരംഭകത്വം, ആരോഗ്യം, ഭിന്നശേഷി ക്ഷേമം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിൽ നിരവധി നൂതന നിർദ്ദേശങ്ങൾ ഉയർന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നയപരമായ പിന്തുണയും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനുള്ള ഇടപെടലുകളും ആസൂത്രണ ബോർഡ് ഉറപ്പുനൽകി.

സാംസ്കാരിക ടൂറിസത്തിനും ക്രിയേറ്റീവ് ഇക്കോണമിക്കും പുതിയ മുഖം

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള, കൊച്ചി-മുസിരിസ് ബിനാലെ എന്നിവയ്ക്ക് സമാനമായി കോഴിക്കോടിനും മലബാർ മേഖലയ്ക്കും തനതായ സാംസ്‌കാരിക വികസന മുഖമുദ്ര സൃഷ്ടിക്കണമെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. മലബാറിന്റെ ഇന്തോ- അറബിക് സാംസ്കാരിക പൈതൃകവും രുചിവൈവിധ്യവും കോർത്തിണക്കി ഗസൽ ഫെസ്റ്റിവൽ പോലെ ഈവൻ്റുകൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചു. കോഴിക്കോടിന്റെ ഭക്ഷ്യപാരമ്പര്യത്തിന് ആഗോള വിപണിയിൽ മികച്ച ബ്രാൻഡിംഗ് ഉറപ്പാക്കുന്നതിനായി പ്രത്യേക ഭക്ഷ്യമേളകൾ സംഘടിപ്പിക്കണമെന്ന് ആസൂത്രണ ബോർഡ് പ്രതിനിധിയും അഭിപ്രായപ്പെട്ടു.കേരളത്തിന്റെ വളർച്ചയുടെ പ്രധാന ചാലകശക്തികളിലൊന്നായി ക്രിയേറ്റീവ് ഇക്കോണമിയെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആസൂത്രണ ബോർഡ് വ്യക്തമാക്കി. യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനതലത്തിൽ ക്രിയേറ്റീവ് ഇക്കോണമി നയവും കൗൺസിലും രൂപീകരിക്കണമെന്ന് കോഴിക്കോട് എൻ. ഐ. ടി പ്രതിനിധി ആവശ്യപ്പെട്ടു. ഇതിനായി എൻ.ഐ.ടിയിലെ സെന്റർ ഫോർ ക്രിയേറ്റീവ് ഇക്കോണമിയുമായി സഹകരിക്കാൻ ആസൂത്രണ ബോർഡ് സന്നദ്ധത അറിയിച്ചു.കാപ്പാട്, കനോലി കനാൽ, മാനാഞ്ചിറ മൈതാനം തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നും കളരി, സുഗന്ധവ്യഞ്ജനങ്ങൾ, ഫുട്ബോൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ടൂറിസം സാധ്യതകൾ വികസിപ്പിക്കണമെന്നും യോഗം വിലയിരുത്തി. കീഴുപറമ്പ് മുതൽ മാവൂർ വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് തയ്യാറാക്കിയ ‘ഡ്രീം ചാലിയാർ’ ടൂറിസം പദ്ധതി പ്രതിനിധി അവതരിപ്പിച്ചു. പ്രവാസി നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതിയുടെ വിശദമായ നിർദ്ദേശം ജില്ലാ കളക്ടർക്ക് സമർപ്പിക്കാനും ആസൂത്രണ ബോർഡിന്റെ പാർട്ണർഷിപ്പ് സെൽ വഴി പരിശോധിക്കാനും തീരുമാനിച്ചു.കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണ ബ്ലോക്കുകളിൽ മിനി സയൻസ് സെന്ററുകളും മൊബൈൽ പ്ലാനറ്റേറിയങ്ങളും സ്ഥാപിക്കണമെന്നും കക്കയം, ജാനകിക്കാട് തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കേന്ദ്ര സഹായത്തോടെ സ്കൈ ഗേസിംഗ് ടൂറിസം സർക്യൂട്ടുകൾ ആരംഭിക്കണമെന്നും പ്ലാനറ്റേറിയം പ്രതിനിധി നിർദ്ദേശിച്ചു. സ്കൂൾ-കോളേജ് പഠനയാത്രകളിൽ ഫാം ടൂറിസം ഉൾപ്പെടുത്തണമെന്ന് സംരംഭക പ്രതിനിധി അഭിപ്രായപ്പെട്ടു. ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നത് വ്യാജ സംരംഭങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും യോഗം വിലയിരുത്തി.

സരോവരം സംരക്ഷണവും ട്രാഷ് ഇക്കോണമിയും

കോഴിക്കോടിന്റെ ശ്വാസകോശമായി വിശേഷിപ്പിക്കാവുന്ന ഏകദേശം 300 ഏക്കർ വിസ്തൃതിയുള്ള സരോവരം ബയോപാർക്കിന്റെ സംരക്ഷണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ അംഗീകൃത 27 തണ്ണീർത്തടങ്ങളിൽ ഒന്നായ സരോവരത്തെ കയ്യേറ്റങ്ങളിൽ നിന്നും അനധികൃത നിർമാണങ്ങളിൽ നിന്നും സംരക്ഷിച്ച് ജൈവ ആവാസവ്യവസ്ഥയായി നിലനിർത്തണം. നഗരത്തിലെ ഹരിത ഇടങ്ങളുടെ അതിരുകൾ കൃത്യമായി നിർണയിക്കുകയും ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ലാൻഡ്സ്കേപ്പ് വിദഗ്ധരുടെ സഹായത്തോടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയും വേണമെന്ന് ആസൂത്രണ ബോർഡ് പ്രതിനിധി അഭിപ്രായപ്പെട്ടു. മലയോര മേഖലകളിൽ പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുയർന്നു.മാലിന്യ സംസ്കരണത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ മാത്രം ഒതുക്കാതെ പുനരുപയോഗത്തിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ട്രാഷ് ഇക്കോണമി’യായി വികസിപ്പിക്കണമെന്ന് ഗ്രീൻ വേംസ് പ്രതിനിധി നിർദ്ദേശിച്ചു. പ്രതിദിനം 400 ടൺ മാലിന്യം സംസ്കരിക്കുകയും 1,200 പേർക്ക് നേരിട്ട് തൊഴിൽ നൽകുകയും ചെയ്യുന്ന സംരംഭത്തിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ലൈസൻസിംഗ് നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യത്തിൽ വിശദമായ ചർച്ച നടത്താമെന്ന് ആസൂത്രണ ബോർഡ് അറിയിച്ചു.ബീച്ചുകൾ ദത്തെടുത്ത് പരസ്യവരുമാനത്തിലൂടെയും ഡെപ്പോസിറ്റ് റീഫണ്ട് സംവിധാനത്തിലൂടെയും മാലിന്യമുക്തമാക്കാൻ സംരംഭകർ സന്നദ്ധത അറിയിച്ചു. വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എസ്ടിപി പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങളും മാലിന്യ സംസ്കരണ പ്ലാന്റുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ബോധവൽക്കരണവും ചർച്ചയായി.

അതിവേഗ റെയിൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന

മലബാറിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ഗതാഗത-ചരക്ക് നീക്ക മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമായി അതിവേഗ റെയിൽപാത, കോഴിക്കോട്- വയനാട് അതിവേഗ റെയിൽ ഇടനാഴി, ബേപ്പൂർ തുറമുഖ വികസനം, കരിപ്പൂർ വിമാനത്താവള വികസനം, വിമാനത്താവള കണക്റ്റിവിറ്റി വർധിപ്പിക്കൽ എന്നിവയ്ക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ ആവശ്യപ്പെട്ടു.നഗരത്തിൽ ഭൂഗർഭ ഡ്രെയിനേജ് സംവിധാനം, ശാസ്ത്രീയമായ നടപ്പാതകൾ, അന്താരാഷ്ട്ര ട്രേഡ് ആൻഡ് കൺവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. പൊതുഇടങ്ങളും ബീച്ചുകളും ശുചിയായി സംരക്ഷിക്കുന്നതിന് സുസ്ഥിര വരുമാന മാർഗങ്ങളും സാമ്പത്തിക അച്ചടക്കവും അനിവാര്യമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ ടൗൺ പ്ലാനിംഗ് വിഭാഗവുമായി മികച്ച ഏകോപനം ഉണ്ടായതായി യോഗം വിലയിരുത്തി. നേരത്തേ സമർപ്പിച്ച എലിവേറ്റഡ് ഹൈവേ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും ചർച്ചയായി. നഗരവൽക്കരണത്തിന്റെ ഭാഗമായി ആധുനിക നഗരാസൂത്രണ മാതൃകകൾ നടപ്പാക്കണമെന്നും അഭിപ്രായമുയർന്നു.

വ്യവസായ-സംരംഭകത്വ മേഖലയിൽ പുതിയ സാധ്യതകൾ

സർക്കാർ നിക്ഷേപങ്ങൾക്ക് വരുമാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വകാര്യ മേഖലയിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ആസൂത്രണ ബോർഡിന് കീഴിൽ പ്രത്യേക പാർട്ണർഷിപ്പ് സെൽ രൂപീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഐ.ടി. മേഖലയുടെ വളർച്ചയ്ക്കായി സൈബർ പാർക്കിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനൊപ്പം മാവൂരിലെ 330 ഏക്കർ ഭൂമി പ്രയോജനപ്പെടുത്തി അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ടെക്നോളജി, സെമികണ്ടക്ടർ വ്യവസായങ്ങൾ എന്നിവ ആരംഭിക്കണമെന്നും നിർദ്ദേശമുയർന്നു.പ്രവാസി നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നതിൽനിന്ന് സംരംഭകത്വ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം മാറേണ്ടതുണ്ടെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് പിന്തുണ ഉറപ്പാക്കുകയും വ്യവസായ അസോസിയേഷനുകളുടെയും ഐ.ഐ.എം. കോഴിക്കോട് പോലുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ സംരംഭകത്വ വികസന പരിപാടികൾ വിപുലപ്പെടുത്തുകയും വേണമെന്ന് യോഗം വിലയിരുത്തി.വനിതാ സംരംഭകരുടെ ശാക്തീകരണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും ജി.എസ്.ടി., ടി.ഡി.എസ്., ആദായനികുതി, ബാങ്കിംഗ്, വിപണനം തുടങ്ങിയ മേഖലകളിൽ അടിസ്ഥാന പരിശീലനം നൽകണമെന്നും വിമൻ എന്റർപ്രണേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ പ്രതിനിധികൾ നിർദ്ദേശിച്ചു.

പരമ്പരാഗത കലകൾക്കും കലാകാരന്മാരുടെ ക്ഷേമത്തിനും ഊന്നൽ

പരമ്പരാഗത കലാരൂപങ്ങൾ, നാടോടി സംസ്കാരം, തദ്ദേശീയ കലാകാരന്മാരുടെ ഉപജീവനമാർഗങ്ങൾ എന്നിവയെ പ്രാദേശിക വികസന പദ്ധതികളുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യമുയർന്നു. ഗോത്ര-നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കണമെന്നും നിർദ്ദേശിച്ചു.പരമ്പരാഗത കരകൗശല വിദഗ്ധർക്കായി പ്രദർശന-വിപണന മേളകൾ സംഘടിപ്പിക്കണം. സ്കൂളുകളിലെ കലാപഠനം കൂടുതൽ വിപുലീകരിക്കുന്നതിനായി പരമ്പരാഗത കലാകാരന്മാരെ ഉൾപ്പെടുത്തി ആർട്സ് റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ആരോഗ്യ-ഭിന്നശേഷി സൗഹൃദ വികസനത്തിന് സമഗ്ര സമീപനം

മെഡിക്കൽ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാം വഴി ശേഖരിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് പഞ്ചായത്ത് തലത്തിൽ ഡാറ്റാധിഷ്ഠിത ആസൂത്രണം നടപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. വയോജന ക്ഷേമം, ആരോഗ്യകരമായ വാർധക്യം, ഡിജിറ്റൽ സാക്ഷരത എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകണമെന്നും അഭിപ്രായമുയർന്നു.ഭിന്നശേഷി അവകാശ നിയമം പൂർണമായി നടപ്പിലാക്കുന്നതിന് കെട്ടിടങ്ങളിൽ റാമ്പുകൾ ഒരുക്കുന്നതിനപ്പുറം സമഗ്രമായ പ്രവേശനക്ഷമതയും പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉൾച്ചേർക്കൽ ഉറപ്പാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ മിഷൻ മോഡിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആസൂത്രണ ബോർഡ് അറിയിച്ചു.

ക്ഷീരകർഷക മേഖലയ്ക്ക് കൂടുതൽ പിന്തുണ വേണം

ക്ഷീരകർഷക മേഖലയിൽ ഗുണമേന്മയുള്ള ബീജം (സെമൻ) ലഭ്യമാക്കുന്നതിനും മികച്ച ഇനം കന്നുകാലികളുടെ പ്രജനനം ഉറപ്പാക്കുന്നതിനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു. 20–30 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭ്യമായിരുന്ന ഗുണമേന്മയുള്ള സെമൻ ഇന്ന് കേരളത്തിലെ കർഷകർക്ക് ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമുണ്ടെന്ന് വിലയിരുത്തലുണ്ടായി. മികച്ച ഇനങ്ങളിലുള്ള കന്നുകാലികളെ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഫാമുകളിലും കർഷകരുടെ തൊഴുത്തുകളിലും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ഉൽപ്പാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിനും ഒന്നോ രണ്ടോ രൂപ വീതം ഇൻസെന്റീവ് നൽകുന്നതും പരിഗണിക്കേണ്ട നിർദേശമായി ഉയർന്നു. ഇത് കർഷകർക്ക് അധികവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീരമേഖലയെ കൂടുതൽ സുസ്ഥിരമാക്കാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടു.വികസന നിർദ്ദേശങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിന് ഗ്രാമസഭകളെയും വർക്കിംഗ് ഗ്രൂപ്പുകളെയും ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. വിവിധ നിർദ്ദേശങ്ങളുടെ വിശദമായ പ്രൊപ്പോസലുകൾ ആസൂത്രണ ബോർഡിന് സമർപ്പിക്കാനും തുടർചർച്ചകൾക്കായി വിപുലമായ കൺസൾട്ടേഷൻ യോഗങ്ങൾ സംഘടിപ്പിക്കാനും നിർദ്ദേശിച്ചു.സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ബോർഡ് അംഗങ്ങൾ, ജില്ലാ കളക്ടർ, വിവിധ വ്യവസായ-വാണിജ്യ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ രണ്ടാം സെഷനിൽ പങ്കെടുത്തു.