
പൊയിൽക്കാവിൽ നിർത്തിയിട്ട ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; യാത്രക്കാരന് ഗുരുതര പരിക്ക്
ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിന് വടക്കുവശം നിർത്തിയിട്ട ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അണ്ടർപാസിന്റെ ഉയരം കഴിഞ്ഞ് റോഡ് ഇറക്കത്തിലേക്ക് വരുന്ന ഭാഗത്ത് നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. ഇറക്കത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് ദൂരെനിന്ന് പാർക്ക് ചെയ്ത വാഹനങ്ങൾ കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക് ദേശീയപാതയിലൂടെ തന്നെ സഞ്ചരിക്കേണ്ടിവരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും വാഹന പാർക്കിങ്ങിന് കൃത്യമായ സ്ഥലം നിശ്ചയിച്ച് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ആവർത്തിക്കുമെന്ന ആശങ്കയും ശക്തമാണ്.
© Copyright - MTV News Kerala 2021





View Comments (0)