കോഴിക്കോട് ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു

MTV News 0
Share:

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു.ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും വൈസ് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ വൈസ് ചെയർപേഴ്സൺമാരുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ സമിതി അംഗങ്ങളാണ്.ഡിസംബർ 12, 13 തീയതികളിൽ നാദാപുരത്താണ് ഇത്തവണത്തെ കലോത്സവം നടക്കുക. കായികോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, പഞ്ചഗുസ്തി മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് ഹാളിലും ഷട്ടിൽ ബാഡ്മിന്റൺ ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. കളരിപ്പയറ്റ്, ആർച്ചറി, ബാസ്കറ്റ്ബോൾ എന്നിവ മാനാഞ്ചിറയിലും നീന്തൽ മത്സരങ്ങൾ നടക്കാവിലും നടക്കും. ഫുട്ബോൾ താമരശ്ശേരി കോരങ്ങാടും ക്രിക്കറ്റ് പെരുവയൽ കൊളാറമ്പ് സ്റ്റേഡിയത്തിലും കബഡി, ത്രോസ് എന്നിവ ഫിസിക്കൽ എജുക്കേഷൻ കോളേജ് ഗ്രൗണ്ടിലും അത്‌ലറ്റിക്സ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും വോളിബോൾ ഫെലിസിറ്റി സ്റ്റേഡിയത്തിലും വടംവലി എളേറ്റിലുമായാണ് സംഘടിപ്പിക്കുന്നത്.യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബാലാമണി ടീച്ചർ, മുനീർ എരവത്ത്, റിമ കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ. മുരളി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി. ബിന്ദു, ജില്ലാ യുവജനക്ഷേമ ഓഫീസർ പി. വിനോദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ തദ്ദേശസ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.