ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു കാലിടറി. നാംധാരി എഫ്.സിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നാണു ഗോകുലം തോറ്റത്.
നാംധാരിക്കായി ഹര്‍മന്‍പ്രീത് സിങ്, അക്ഷദീപ് സിങ് എന്നിവര്‍ ഗോളടിച്ചു. കെ. സൗരവ് ഗോകുലത്തിനായും ഗോളടിച്ചു. ലീഗില്‍ ആറ് തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്നു ഗോകുലം. 17 കളികളില്‍നിന്നു 32 പോയിന്റ് നേടിയ ഗോകുലം രണ്ടാം സ്‌ഥാനത്തുനിന്നു മൂന്നിലേക്കു താണു. 16 കളികളില്‍നിന്നു 33 പോയിന്റുള്ള ശ്രീനിധി ഡെക്കാന്‍ രണ്ടാം സ്‌ഥാനത്തെത്തി. 16 കളികളില്‍നിന്നു 35 പോയിന്റുള്ള മുഹമ്മദന്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. 16 കളികളില്‍നിന്നു 15 പോയിന്റുള്ള നാംധാരി 11-ാം സ്‌ഥാനത്താണ്.
ജയിച്ചിരുന്നെങ്കില്‍ ഗോകുലവും മുഹമ്മദനും തമ്മിലുള്ള അകലം കുറയുമായിരുന്നു. ഞായറാഴ്‌ച മുഹമ്മദനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ച് കിരീട പോരാട്ടത്തില്‍ സജീവമാകാനും ഗോകുലത്തിന്റെ ശ്രമം. ഭായ്‌നി സാഹിബിലെ നാംധാരി സ്‌റ്റേഡിയത്തില്‍ ഇന്നലെ ഗോകുലം കോച്ച് ഡൊമിന്‍ഗോ റാമസ് കാബ്രിയ ബാബോവിചിനെ മുന്നില്‍ നിര്‍ത്തിയ 4-5-1 ശൈലിക്കാണു താല്‍പര്യപ്പെട്ടത്. നാംധാരി കോച്ച് ഹര്‍പ്രീത് സിങ് 4-3-3 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു.
കളിയുടെ മൂന്നാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് നാംധാരിയെ മുന്നിലെത്തിച്ചു. 83 മിനിറ്റ് വരെ നാംധാരി ഒരു ഗോളിന്റെ ലീഡിലായിരുന്നു. സൗരവ് ഗോളടിച്ചതോടെ ഗോകുലം ഒപ്പംപിടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അക്ഷദീപ് സിങിന്റെ ഗോള്‍ ഗോകുലത്തിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചു. ശ്രീനിധി ഡെക്കാനും മുഹമ്മദും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. ഡെക്കാനില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് കാസ്‌റ്റാന്‍ഡ ശ്രീനിധിയെ മുന്നിലെത്തിച്ചു. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ മുഹമ്മദ് ജാസിം മുഹമ്മദനെ ഒപ്പമെത്തിച്ചു.
© Copyright - MTV News Kerala 2021
View Comments (0)