
ഭക്ഷ്യഭദ്രതാ പദ്ധതികള്‍: വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്;ജില്ലാതല അവലോകന യോഗം ചേര്‍ന്നു
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം മുരുകേഷ് ചെറുനാലി നിര്‍ദേശിച്ചു. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.തീരദേശ മേഖലകളിലെ സന്ദര്‍ശനവേളയില്‍, പരിമിതമായ സാഹചര്യങ്ങളിലും ഉച്ചഭക്ഷണ പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന അഴിയൂര്‍ അങ്കണവാടി, മാടാക്കര ഗവ. ഫിഷറീസ് എല്‍.പി. സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കമ്മീഷന് അംഗം പ്രത്യേകം അഭിനന്ദിച്ചു. ജില്ലയില്‍ ഭക്ഷ്യഭദ്രതാ പദ്ധതികളുടെ നിര്‍വഹണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് യോഗം വിലയിരുത്തി.ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. റേഷന്‍ കാര്‍ഡ് വിതരണം, പൊതുവിതരണ സംവിധാനം, അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണം, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, സപ്ലൈകോ, എഫ് സി ഐ, ട്രൈബല്‍ വകുപ്പിലെ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗം വിശദമായി വിലയിരുത്തി.യോഗത്തില്‍ എ.ഡി.എം. കെ. ഷെറീന, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ് പി.കെ. സുമേഷ്, നൂണ് ഫീഡ് സൂപ്പര്‍വൈസര്‍ ആര്. ബിന്ദു, ജില്ലാ പട്ടികവര്‍ഗ വികസന സ്പെഷ്യല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിസാറുദ്ദീന്‍, സപ്ലൈകോ അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ടി.സി. അനൂപ്, സംസ്ഥാന ഭക്ഷ്യ കമ്മീഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. ശ്രീജ, എഫ്.സി.ഐ. പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
© Copyright - MTV News Kerala 2021





View Comments (0)