വയോജന ദിനാചരണം: കുണ്ടൂപ്പറമ്പ് മാതൃകാ സായംപ്രഭാ ഹോമിൽ ജില്ലാതല ആഘോഷം

MTV News 0
Share:

 

അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ‘ഓണർ എ ഹോം’ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ ആറാം വാർഡിലെ കുണ്ടൂപ്പറമ്പ് പകൽവീട് മാതൃകാ സായംപ്രഭാ ഹോമിലാണ് ജില്ലാതല വയോജന ദിനാചരണം വിപുലമായി സംഘടിപ്പിച്ചത്.കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ ആശയവിനിമയം കുറയുന്നതും കുടുംബത്തിലെ കൂട്ടായ തീരുമാനങ്ങളിൽ മുതിർന്നവരെ ഉൾപ്പെടുത്താത്തതുമാണ് ആധുനിക സമൂഹത്തിൽ വയോജനങ്ങൾക്ക് വൈകാരിക പിന്തുണ കുറയുന്നതിന് കാരണമെന്ന് മേയർ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ മനസ്സാണെന്നും കുടുംബത്തിലെ എല്ലാവരും വയോജനങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വയോജനങ്ങൾക്കായി ഏഴ് പകൽവീടുകളുണ്ട്. കോർപ്പറേഷൻ പരിധിയിലെ വയോജനങ്ങൾക്ക് ഈ പകൽവീടുകൾ സ്വന്തം വീടുപോലെയാണെന്നും ഇവയിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്ഥാപനമാണ് കുണ്ടൂപ്പറമ്പ് മാതൃകാ സായംപ്രഭാ ഹോമെന്നും മേയർ കൂട്ടിച്ചേർത്തു.കുണ്ടൂപ്പറമ്പ് വാർഡ് കൗൺസിലർ ടി. എസ്. ഷിംജിത്ത് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർമാരായ പി. ബിജുലാൽ, എം. എം. ലത, ഇ. ഷൈനി, ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ. കെ. കുട്ടി എന്നിവർ സംസാരിച്ചു.പകൽവീട് കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ കെ. കെ. സരോജിനി, കല്യാണി എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് വയോജന ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. പകൽവീട് കുടുംബത്തിലെ മറ്റൊരു മുതിർന്ന അംഗമായ 81 വയസ്സുകാരൻ പി. ഭാസ്കരൻ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഓൺലൈനായി മുഖ്യമന്ത്രിയുമായി സംവദിച്ചു.വയോജനങ്ങളുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ, തിരുവാതിര, സംഘനൃത്തം, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. പകൽവീട് കുടുംബത്തിലെ വയോജനങ്ങൾ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ ഉൾപ്പെടെയുള്ള സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, വെള്ളിമാടുകുന്ന് ജെ.ഡി.ടി. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സംസ്ഥാനത്ത് വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വർധനവാണ് രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. വയോജനങ്ങളുടെ പരിചരണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്ന ബോധ്യത്തിൽ വിവിധ പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഒക്ടോബർ ഒന്നിന് നടന്ന സംസ്ഥാനതല വയോജന ദിനാചരണത്തിൽ വയോജനക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും പ്രഖ്യാപിച്ചു.മുതിർന്ന പൗരന്മാരുടെ അനുഭവപരിചയം പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും വയോജനങ്ങളെ കൂടുതൽ കരുതലോടെ പരിചരിക്കുന്നതിനും സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Share:
  അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ‘ഓണർ എ ഹോം’ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ ആറാം വാർഡിലെ കുണ്ടൂപ്പറമ്പ് പകൽവീട് മാതൃകാ സായംപ്രഭാ ഹോമിലാണ് ജില്ലാതല വയോജന ദിനാചരണം വിപുലമായി സംഘടിപ്പിച്ചത്.കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ ആശയവിനിമയം കുറയുന്നതും കുടുംബത്തിലെ കൂട്ടായ...വയോജന ദിനാചരണം: കുണ്ടൂപ്പറമ്പ് മാതൃകാ സായംപ്രഭാ ഹോമിൽ ജില്ലാതല ആഘോഷം