കുടുംബശ്രീ സംരംഭങ്ങള്‍ക്ക് 98.24 ലക്ഷം രൂപയുടെ സ്വയംതൊഴില്‍ വായ്പ വിതരണം ചെയ്തു;കൊടുവള്ളി നഗരസഭയിലെ 13 ഗ്രൂപ്പുകളിലെ 105 അംഗങ്ങള്‍ക്ക് പ്രയോജനം

MTV News 0
Share:

 

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കൊടുവള്ളി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 98.24 ലക്ഷം രൂപയുടെ സ്വയംതൊഴില്‍ വായ്പാ വിതരണം പി.കെ. ഫിറോസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സഫീന ഷമീര്‍ അധ്യക്ഷത വഹിച്ചു.നഗരസഭയിലെ 13 കുടുംബശ്രീ ഗ്രൂപ്പുകളിലെ 105 അംഗങ്ങള്‍ക്കായാണ് 98,24,000 രൂപ വിതരണം ചെയ്തത്. ഹോട്ടല്‍, കാറ്ററിങ്, ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ തുടങ്ങിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് വായ്പ അനുവദിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനദായകമായ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ പദ്ധതി സഹായകമാകും.നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ.എ. കാദര്‍, സ്ഥിരംസമിതി അധ്യക്ഷരായ അബു ലൈസ്, പി.പി. മൊയ്തീന്‍കുട്ടി, ടി.പി. ഷബ്ന, റാബിയ, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ വിമല, വൈസ് ചെയര്‍പേഴ്സണ്‍ കെ.സി. സ്മിത, സി.ഡി.എസ്. അംഗം പി. ദീപ, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.പി.ഐ. കോയ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ വികസന കോര്‍പറേഷന്‍ മേഖലാ മാനേജര്‍ കെ. ഫൈസല്‍ മുനീര്‍ പദ്ധതി വിശദീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എച്ച്. അര്‍ജുന്‍ കുമാര്‍ സ്വയംതൊഴില്‍ സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.